ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള മുഴുവന്‍ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രിംകോടതി. തെരഞ്ഞെടുപ്പുകളുടെ നിയന്ത്രണാധികാരം തങ്ങള്‍ക്കല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ അനുശാസിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തത്ക്കാലം വിധി പറയുന്നത് മാറ്റി. വെറും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദിപാന്‍കര്‍ ദത്തയും ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചു.

ഹര്‍ജി സമര്‍പ്പിച്ച അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്. ചില ചിന്തകള്‍ക്ക് മുന്‍കൂറായി വശപ്പെട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നതെങ്കില്‍, നിങ്ങളുടെ ചിന്തകളെ മാറ്റാനല്ല ഞങ്ങള്‍ ഇവിടെയുള്ളതെന്ന് മനസിലാക്കണമെന്ന് കോടടി ഹര്‍ജിക്കാരനോട് പറഞ്ഞു.

നിലവില്‍ എല്ലാ മണ്ഡലങ്ങളിലേയും എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കാറില്ല. ഓരോ മണ്ഡലത്തിലേയും അഞ്ച് മെഷീനുകളില്‍ ലഭിച്ച വോട്ടുകള്‍ മാത്രമേ ഒത്തുനോക്കാറുള്ളൂ. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ തടയാന്‍ എല്ലാ വോട്ടുകളും ഒത്തുനോക്കണമെന്നാണ് ഹര്‍ജിയിലൂടെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വാദിച്ചിരുന്നത്.

Spread the love

By Editor

Leave a Reply

Your email address will not be published. Required fields are marked *