എലപ്പുള്ളി എഥനോൾ പ്ലാൻ്റ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും അർധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. അപവാദം മുഴുവൻ സംസ്ഥാനത്താകെ അറിയണം എന്നത് കൊണ്ടാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ആരും അറിയാതെ ഒന്നും ചെയ്തിട്ടില്ലെന്നും തിടുക്കത്തിൽ അനുമതി നൽകിയെന്ന ആക്ഷേപവും ശരിയല്ലെന്നും മന്ത്രി വിശദീകരിച്ചു. ഒരു തുള്ളി ഭൂഗർഭ ജലം എടുക്കില്ല, അക്കാര്യം ഉറപ്പ് പറയുന്നുവെന്ന് മന്ത്രി വ്യക്തമാക്കി
പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടിരിക്കുന്നത് മന്ത്രിസഭാ രേഖയാണ്. പൊതു മണ്ഡലത്തിലുള്ള കാര്യമാണ് പുറത്ത് വിട്ടത്. 16-ന് തന്നെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത കാര്യമാണ്. അതാണ് രഹസ്യ രേഖ എന്ന് അവതരിപ്പിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഒറ്റ കമ്പനി മാത്രം എങ്ങനെ അറിഞ്ഞു എന്നതാണ് ചോദിക്കുന്നത്. ഇങ്ങനെ കൂസലില്ലാതെ കളളം പറയാമയെന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മത്സരിച്ച് കള്ളം പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2022-23 ലെ മദ്യനയത്തിൽ പറഞ്ഞ കാര്യമാണിത്. ഇതിനോട് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചതുമാണ്. അതൊക്കെ രേഖയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാം നയത്തിൽ പറഞ്ഞിട്ടും എങ്ങനെ ഒരു കമ്പനി മാത്രം അറിഞ്ഞു എന്ന് ആവർത്തിക്കുന്നു. 2023 നവംബർ 30നാണ് എക്‌സൈസ് ഇൻസ്പക്ടർക്കാണ് ആദ്യം അപേക്ഷ നൽകുന്നത്. 10 ഘട്ടമായി പരിശോധന പൂർത്തിയാക്കിയാണ് അനുമതി നൽകിയതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിക്ക് മുന്നിൽ എത്തിയപ്പോൾ ജല ലഭ്യത ഉറപ്പാക്കാൻ വേണ്ടി ഫയൽ തിരിച്ചയച്ചു. അതിൻ്റെ റിപ്പോർട്ട് വന്ന ശേഷമാണ് മന്ത്രിസഭാ യോഗത്തിൽ വെച്ചതെന്ന് മന്ത്രി വിശദീകരിച്ചു. വെള്ളത്തിൻ്റെ കാര്യം പലർക്കും തെറ്റിധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വർഷം കുടിവെള്ളത്തിന് ആവശ്യമായി വരുന്നത് മലമ്പുഴ അണക്കെട്ടിൽ ഒറ്റത്തവണ സംഭരിക്കുന്നതിൻ്റെ 13.6 ശതമാനം വെള്ളം മാത്രമാണ്. എലപ്പുള്ളിയിലും വടകരപ്പതിയിലും മഴവെള്ള സംഭരണം നടക്കുമോ എന്ന് പരിശോധിക്കാൻ മാധ്യമങ്ങളടക്കം എല്ലാവരേയും ക്ഷണിക്കുന്നുവെന്നും അഹല്യാ കാമ്പസിൽ മഴവെള്ള സംഭരണി ഉണ്ടെന്നും മന്ത്രി പറഞ്ഞു.