2025 വർഷത്തിലെ തിരുനാൾ ആഘോഷങ്ങൾ ജനുവരി 31 മുതൽ ആരംഭിച്ച ഫെബ്രുവരി 23 നാണ് സമാപിക്കുന്നത്. ജനുവരി 31 വെള്ളി, ഫെബ്രുവരി 1 ശനി, 2 ഞായർ ദിവസങ്ങളിലേ ആത്മാഭിഷേകം ബൈബിൾ കൺവെൻഷനോട് കൂടിയാണ് തിരുനാൾ ആരംഭിക്കുന്നത് ഫെബ്രുവരി 4 ചൊവ്വ മുതൽ ഫെബ്രുവരി 12 ബുധൻ വരെയാണ് നൊവേന ദിവസങ്ങൾ. ഈ ദിവസങ്ങളിൽ രാവിലെ 5:45നും വൈകുന്നേരം ആറുമണിക്കും വിശുദ്ധ കുർബാനയും നൊവേനയും പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ പ്രസുദേന്തി വാഴ്ച നടക്കുന്നത് ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം ആറുമണിക്കാണ്. ചരിത്രപ്രസിദ്ധമായ അത്ഭുത ദിവ്യ ഉണ്ണിശോയുടെ തിരുസ്വരൂപം എഴുന്നുള്ളിപ്പും തിരുനാൾ കൊടിയേറ്റവും ഫെബ്രുവരി 10 ചൊവ്വാഴ്ചയാണ്. പതിനൊന്നാം തീയതി പൂർണ്ണ ദിന ആരാധന ദിവസമാണ്. പന്ത്രണ്ടാം തീയതി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കുന്നു.
ഫെബ്രുവരി 13 വ്യാഴാഴ്ചയാണ് പ്രധാന തിരുനാൾ ദിവസം അന്നേദിവസം രാവിലെ അഞ്ചുമണിക്കുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുസ്വരൂപം എഴുന്നുള്ളിച്ച് വയ്ക്കുന്നു തുടർന്ന് തുടർച്ചയായ സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 4:30 മണിക്കാണ് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയും പ്രദിക്ഷണവും നടക്കുന്നത്. എട്ടാം തിരുനാൾ ഫെബ്രുവരി ഇരുപതാം തീയതി വ്യാഴാഴ്ചയാണ് തിരുനാൾ ദിവസത്തെ പോലെ തുടർച്ചയായ വിശുദ്ധ കുർബാനയും തിരുനാൾ പ്രദക്ഷിണവും എട്ടാം തിരുനാൾ ദിവസവും ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ കഴിഞ്ഞുവരുന്ന ദിവസങ്ങൾ വിവിധ നിയോഗങ്ങൾ അത്ഭുത ദിവ്യ ഉണ്ണീശോയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്ന ദിവസങ്ങളാണ്. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെയും പ്രത്യേകിച്ച് കിടപ്പുരോഗികളെയും ഉണ്ണീശോയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഫെബ്രുവരി 14 വെള്ളിയാഴ്ചയും ഫെബ്രുവരി 21 വെള്ളിയാഴ്ചയും ആണ്. വിവാഹം നടക്കാത്ത യുവജനങ്ങളെയും നല്ല ജോലി ലഭിക്കുവാൻ വേണ്ടിയുള്ള നിയോഗത്തിനു വേണ്ടിയും പ്രാർത്ഥിക്കുന്ന ദിവസങ്ങൾ ഫെബ്രുവരി 15 ശനിയാഴ്ചയും ഫെബ്രുവരി 22 ശനിയാഴ്ചയും ആണ്. ശിശുക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ദിവസം ഫെബ്രുവരി പതിനാറാം തീയതി ഞായറാഴ്ചയാണ് അന്നേദിവസം കുഞ്ഞുങ്ങൾക്കുള്ള ചോറൂട്ടും ആദ്യ അക്ഷരം കുറിക്കലും ഉണ്ടായിരിക്കുന്നതാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെയും ഗർഭിണികളായ ദമ്പതികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് ഫെബ്രുവരി 17 തിങ്കൾ 18 ചൊവ്വ 19 ബുധൻ ദിവസങ്ങളിൽ ആണ്. വിദ്യാർത്ഥികളെയും അവരുടെ പഠനോപകരണങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് ഫെബ്രുവരി 23 ആം തീയതി ഞായറാഴ്ചയാണ് പരീക്ഷ ഒരുക്ക പ്രാർത്ഥനയും ആ അവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്.
തീര്‍ത്ഥാടന കേന്ദത്തെക്കുറിച്ചറിയാം
അനേകം തീർത്ഥാടകരെ ആകർഷിച്ചുകൊണ്ടിരിക്കുന്ന കുന്നേൽ ഉണ്ണിമിശിഹാ ദേവാലയം സ്ഥിതിചെയ്യുന്നത് കേരളസഭാചരിത്രത്തിൽ അതിപ്രാധാന്യം അർഹിച്ചിട്ടുള്ള ആലങ്ങാടിന്റെഹൃദയഭാഗത്താണ്. 200 വർഷത്തോളം പഴക്കമുള്ള
ഈ ദേവാലയത്തിന്റെ സ്ഥാപനത്തെക്കുറിച്ച് പലഅത്ഭുത സംഭവങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്. വനപ്രദേശമായ കുന്നിൽ കന്നുകാലികളെ
മേച്ചിരുന്ന ബാലന്മാർ വീടുകളിൽ നിന്നും കൊണ്ടുവരുന്ന അരിപ്പൊടിയും വനത്തിലെ പഴങ്ങളും കുട്ടിക്കുഴച്ചെടുക്കുന്ന ഭക്ഷണം തങ്ങളുടെ സ്നേഹിത ഗുരുവായ വൃദ്ധനൊന്നിച്ച് ഭക്ഷിച്ചിരുന്നു. ബാക്കി വരുന്നത് രോഗങ്ങൾക്ക് ദിവ്യയൗഷധമായി വീടുകളിൽ സൂക്ഷിച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ഇവിടുത്തെ തമുക്ക് നേർച്ച.
വൃദ്ധന്റെ അന്തിമാഭിലാഷപ്രകാരം മൃതദേഹം ഇവിടെത്തന്നെ സംസ്ക്കരിച്ചു. നിത്യേന കുഴിമാടത്തിനരികിൽ വന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഇടയബാലന്മാർ ഒരു ദിവസം ഉണ്ണിമിശിഹായുടെ ഒരു തിരുസ്വരൂപം അവിടെ കാണുവാനിടയായി
വിവരമറിഞ്ഞ ആലങ്ങാട് പള്ളിവികാരിയും ജനങ്ങളും കൂടി ഈ തിരുസ്വരൂപം ആലങ്ങാട് പള്ളിയിൽ കൊണ്ടുപോയി സ്ഥാപിച്ചുവെങ്കിലും അവിടെ
നിന്നും അത് അപ്രത്യക്ഷമാവുകയും വീണ്ടും വൃദ്ധന്റെ കുഴിമാടത്തിൽ തന്നെ കാണപ്പെടുകയും ചെയ്തത്തതോടെ, വികാരിയച്ചന് സ്വപ്നദർശനത്തിലുണ്ടായ
അരുളപ്പാടിൻ പ്രകാരം അവിടെ ഒരു ദേവാലയം പണികഴിപ്പിച്ച് പ്രസ്തുത തിരുസ്വരൂപം അതിൽ പ്രതിഷ്ഠിച്ചു. അന്നു മുതൽ എല്ലാ വർഷവും മൂന്ന നൊമ്പു കഴിഞ്ഞു വരുന്ന വ്യാഴാഴ്ച വലിയ തിരുനാളായി ആഘോഷിച്ചു വരുന്നു. ഈ തിരുസ്വരൂപം
തന്നെയാണ് ഈ ദേവാലയത്തിന്റെ പ്രധാന അൾത്താരയുടെ മുകളിൽ ഇന്നു സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം
തീർത്ഥാടകർ ഇവിടെ വന്നു ഉണ്ണിമിശിഹായുടെ നോവേനയിൽ സംബന്ധിച്ച് പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടുന്നു. വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും ആണ് ഇവിടുത്തെ നൊവേന ദിവസം.