ന്യൂഡല്‍ഹി: കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയേയും മോദി ട്രംപ് കൂടിക്കാഴ്ചയേയും പ്രശംസിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. ഇതിന്റെ അടിസ്ഥാനത്തില്‍ തരൂര്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയില്‍ എത്തി. തരൂരുമായി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തുകയാണ്. ചർച്ചയിൽ പങ്കെടുത്ത ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മടങ്ങി. പ്രശ്നങ്ങൾ സങ്കീർണമാക്കേണ്ട എന്ന നിലപാടാണ് ഹൈക്കമാൻഡിനെന്നാണ് വിവരം.

ശശി തരൂരിനെതിരെ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും രംഗത്തെത്തിയിരുന്നു. വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് മാറി നിന്നിട്ട് വേണം തരൂര്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയാന്‍ എന്നായിരുന്നു ഹസ്സന്‍ പറഞ്ഞത്. ഇതിനും തരൂര്‍ കൃത്യമായ മറുപടി നല്‍കി. ‘അത് പറയേണ്ട ആളുകള്‍ പറയട്ടെ, അപ്പോള്‍ ആലോചിക്കാം’ എന്നായിരുന്നു തരൂര്‍ നല്‍കിയ മറുപടി. വിഷയത്തില്‍ ആദ്യം കാര്യമായി പ്രതികരിക്കാന്‍ തയ്യാറാകാത്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പിന്നീട് ശശി തരൂരിനെ ഫോണില്‍ വിളിച്ച് ശാസിച്ചതായി പറഞ്ഞിരുന്നു. വിഷയം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വരെ പ്രതിഫലിക്കാം എന്ന കണക്ക് കൂട്ടലില്‍ കൂടിയാണ് ലേഖന വിവാദം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തരൂരിനെ വിളിപ്പിച്ചിരിക്കുന്നതും കൂടിക്കാഴ്ച നടത്തുന്നതും.

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനമായിരുന്നു വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേരളത്തിന്റേത് അതിശയിപ്പിക്കുന്ന മാറ്റമെന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനം മുറുകുമ്പോഴും ശശി തരൂര്‍ നിലപാടില്‍ ഉറച്ചുനിന്നു. ലേഖനം കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും നല്ലതുകണ്ടാല്‍ നല്ലതെന്നു തന്നെ പറയുമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

Spread the love

By Editor

Leave a Reply

Your email address will not be published. Required fields are marked *